മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു


കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ ഉടൻ തീരുമാനിക്കും. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച കെ.എം.റോയ് ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് എക്കണോമിക് ടൈംസ്‌, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു.

മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്തുനിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുന്പേ നടന്ന മാഞ്ഞൂരാൻ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്. നിരവധി മാധ്യമ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്, പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, ബാബ്റി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993−ലെ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed