പിങ്ക് പോലീസെനിതിരായുള്ള പരാതി ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും


തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ യുവാവിനെയും മകളെയും പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് തീരുമാനമായത്. തീരുമാനത്തിൽ സന്തോഷമെന്ന് പരാതിക്കാരനായ ജയചന്ദ്രൻ പ്രതികരിച്ചു.

മോഷണകുറ്റം ആരോപിച്ച് പെൺകുട്ടിയെയും അച്ഛനെയും പൊതുമധ്യത്തിൽ അപമാനിച്ച ആറ്റിങ്ങൽ പിങ്ക് പൊലീസിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സി പി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പു പരിശീലനവും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, രജിതയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന തരത്തിൽ ആക്ഷേപമുയർന്നിരുന്നു. വലിയ വിമർശനമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. 

വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. േസ്റ്റഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നുമെല്ലാ രജിത പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 

ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed