പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ


തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ (ബുധൻ) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കി. പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയർസെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.

തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി. പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പർ വർക്കുകൾക്കും വേണ്ട സമയം മാത്രമാണ് എടുത്തത്. ജൂലൈ 15 ഓടോ പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്ന സ്ഥിതിയിൽ കാര്യങ്ങൾ പുരോഗമിച്ചതിന് സഹാകമായത് ഇതാണ്.

ജൂൺ ആദ്യം എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പർ മൂല്യനിർണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പർ മൂല്യനിർണയം ജൂൺ 19 ഓടെ അവസാനിച്ചു. മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളമായി പ്രാക്ടിക്കൽ പരീക്ഷകൾ നീണ്ടു. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയിരുന്നു. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളിൽ വച്ചാണ് നടത്തിയത്. അതും കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പരീക്ഷ നടത്താൻ സാധിച്ചിരുന്നുള്ളൂ. സാധാരണ ഗതിയിൽ ഒരു ലാബിൽ പരീക്ഷയ്ക്ക് ഉൾപ്പെടുത്തുന്നത്ര കുട്ടികളെ കോവിഡ് പ്രോട്ടക്കോൾ വച്ച് ഒരേ സമയം പരീക്ഷണ പരീക്ഷ ചെയ്യിക്കാൻ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടതിന് കാരണമായി.

ജൂലൈ 12 ന് പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു. എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 13നാണ് അവസാനിച്ചത്. ഇതേസമയം, കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ 14, 15 തീയതികളിലായി പൂർത്തിയാക്കി.

ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed