ശബരിമലയിൽ “പാത്രം’ അഴിമതി; വി.എസ്. ശിവകുമാറിന്‍റെ സഹോദരനെതിരേ റിപ്പോർട്ട്


തിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങൾ വാങ്ങിയതിൽ ഒരു കോടി 81 ലക്ഷം രൂപയുടെ അഴമിതി നടന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ് ജയകുമാറിനെതിരായ എട്ട് അഴിമതി ആരോപണങ്ങളിൽ ഏഴും ശരിയെന്ന് തെളിഞ്ഞതായി അന്വേഷണ കമ്മീഷൻ കണ്ടെത്തി. മുൻ ദേവസ്വം മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്‍റെ സഹോദരനാണ് ജയകുമാർ.

വി.എസ് ജയകുമാർ 2014 −15 കാലത്ത് ശബരിമല ദേവസ്വം എക്സി. ഓഫീസർ ആയിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് അഡ്വ. ചെറുന്നിയൂർ പി. ശശിധരൻ‍ നായർ കമ്മീഷൻ അന്വേഷിച്ചത്. 

ശബരിമലയിൽ പാത്രങ്ങൾ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുന്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. 1,81,89490 രൂപയുടെ അഴമിതി നടത്തിയതായി കണ്ടെത്തി. ഓഡിറ്റ് സമയത്ത് ബന്ധപ്പെട്ട രേഖകൾ മറച്ചുവച്ചതായും ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തി. നടപടിക്രമങ്ങൾ പാലിക്കാതെ കോണ്‍ട്രാക്ടർമാർക്ക് പണം നൽകിയെന്നും അവിഹിതമായി ദേവസ്വം കമ്മീഷണർ‍ പദവി നേടിയെടുത്തെന്നും, ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

പന്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഫയൽ നശിപ്പിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 20 മുതൽ ഈ വർഷം മാർ‍ച്ച് നാലുവരെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ, ദേവസ്വം ബോർഡിന് റിപ്പോർ‍ട്ട് സർപ്പിച്ചത്. അന്വേഷണ റിപ്പോർ‍ട്ടിന് പുറമേ, ബോർഡ് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള ശുപാർശകളും റിപ്പോർ‍ട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. 

അഴിമതി ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ ജയകുമാർ 2018 ജൂലൈയിൽ സർവ്വീസിൽ നിന്ന് വിരമിച്ചു. നിലിവിലെ ഓഡിറ്റ് സംവിധാനവും വിജിലൻസ് വിഭാഗവും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. അതേ സമയം ആരോപണവും കമ്മീഷൻ റിപ്പോർട്ടും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വി.എസ് ജയകുമാർ പ്രതികരിച്ചു. ദേവസ്വം ബോർഡിന്‍റെ തീരുമാനം വന്ന ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed