കരാർ ലംഘിച്ച് റഷ്യ; തുറമുഖം ആക്രമിച്ചു


കരിങ്കടൽ തുറമുഖം വഴിയുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കാൻ റഷ്യയും യുക്രെയ്നും കരാർ ഒപ്പുവച്ചതിനു പിന്നാലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യൻ മിസൈൽ ആക്രമണം. ഇന്നലെ പുലർച്ചെയാണു രണ്ടു മിസൈലുകൾ ഒഡേസയിൽ പതിച്ചതെന്നു സൈന്യം അറിയിച്ചു. രണ്ടു മിസൈലുകൾ നിർവീര്യമാക്കിയെന്നും സതേണ്‍ കമാൻഡ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഒപ്പുവച്ച കരാറിൽ, ധാന്യങ്ങളുടെ കയറ്റിറക്കിനിടെ റഷ്യ തുറമുഖങ്ങളെ ആക്രമിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണുണ്ടായിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യവിഭാഗം തലവൻ ഹൊസെപ് ബൊറെൽ പറഞ്ഞു.

ഇസ്താംബൂളിൽ കരാർ ഒപ്പുവച്ചതിനു പിന്നാലെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തെ യുഎൻ സെക്രട്ടറി അന്‍റോണിയോ ഗുട്ടറസും അപലപിച്ചു. തുറമുഖത്തെ ധാന്യസംഭരണശാലകൾ ലക്ഷ്യമിട്ടാണു റഷ്യ ആക്രമണം നടത്തിയത്.സെൻട്രൽ കിറോവോഹ്രാദിലെ സൈനിക കേന്ദ്രവും റെയിൽവേ സംവിധാനങ്ങളും ലക്ഷ്യമിട്ടു റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. വൈദ്യുതി സബ്സ്റ്റേഷനിലെ രണ്ടു ഗാർഡുകളും ഒരു സൈനികനുമാണു കൊല്ലപ്പെട്ടത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed