റ​​​​ഷ്യ​​​​ൻ ഭീ​​​​ഷ​​​​ണി: യൂറോപ്പിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്ന് ബൈഡൻ


റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു മേഖലയിലെ സുരക്ഷാഭീഷണി കണക്കിലെടുത്ത് യൂറോപ്പിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്നും പോളണ്ടിൽ സ്ഥിരം താവളം തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മാഡ്രിഡിൽ നാറ്റോ സഖ്യരാജ്യങ്ങളുടെ വാർഷിക യോഗത്തിനിടെ, നാറ്റോ സെക്രട്ടറി ജനറൽ ജീൻ സ്റ്റോൾട്ടൻബർഗുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബൈഡൻ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. നാറ്റോ ശക്തവും ഐക്യമുള്ളതുമാണ്. സം‍യുക്തശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള നടപടികൾ സ്വീകരിക്കും- ബൈഡൻ പറഞ്ഞു.

 ബൈഡന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ യൂറോപ്പിൽ 1,00,000 യുഎസ് സൈനികരെ വിന്യസിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിനു മുന്പ് 20,000 യുഎസ് സൈനികരാണ് യൂറോപ്പിലുണ്ടായിരുന്നത്. യുകെയിലേക്ക് രണ്ട് വ്യൂഹം എഫ്-35 യുദ്ധവിമാനങ്ങൾ അയയ്ക്കും. ജർമനി, ഇറ്റലി രാജ്യങ്ങളിലേക്ക് കൂടുതൽ വ്യോമപ്രതിരോധ സംവിധാനം എത്തിക്കും. റൊമാനിയ, ബാൾട്ടിക്ക് മേഖലയിലും യുഎസ് സൈന്യത്തെ വിന്യസിക്കുമെന്നും ബൈഡൻ പറഞ്ഞു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാറ്റോ സഖ്യം നിർണായക ഘട്ടത്തിലൂടെയാണു കടന്നു പോകുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നിശ്ചയദാർഢ്യമുള്ള നേതൃത്വവും അറ്റ്‌ലാന്‍റിക് മേഖലയിലെ ശക്തമായ സുരക്ഷയുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്-നാറ്റോ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുഎസ് ആർമിയുടെ വി കോറിന്‍റെ സ്ഥിരം സ്റ്റേഷനാണ് പോളണ്ടിൽ തുറക്കുന്നത്. ഇതോടെ നാറ്റോ സഖ്യത്തിന്‍റെ കിഴക്കൻ മേഖലയിലും യുഎസിനു സ്ഥിരം സൈനികതാവളം വരും. 1997 ലെ നാറ്റോ-റഷ്യ കരാർ പ്രകാരം കിഴക്കൻ യൂറോപ്പിൽ സ്ഥിരം സൈനിക താവളം തുറക്കില്ലെന്നു ധാരണയുണ്ടായിരുന്നു. സൈനിക നടപടികൾ ഏകോപ്പിക്കുന്ന ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റാണ് തുറക്കുന്നതെന്നാണ് യുഎസ് വാദം.

യുഎസ്-പോളണ്ട് സഹകരണത്തിന്‍റെ പുതിയ തലമാണ് പുതിയ തീരുമാനത്തിലൂടെ വെളിവായതെന്നും റഷ്യയുടെ ഭീഷണിക്കുള്ള തിരിച്ചടിയാണിതെന്നും പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി പവൽ ജബലോൺസ്കി പറഞ്ഞു.  പുതിയ തീരുമാനത്തെക്കുറിച്ച് റഷ്യയെ അറിയിച്ചിട്ടില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും ബൈഡന്‍റെ ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed