തോക്ക് നിയന്ത്രണം പാസാക്കി യുഎസ് കോണ്‍ഗ്രസ്


തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവയ്പ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയും 204നെതിരെ 224 വോട്ടുകളോടെയാണ് യുഎസ് ഹൗസ് ബില്‍ പാസാക്കിയത്. ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്.

ഡെമോക്രാറ്റിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസില്‍ വലിയ ബാധ്യതകളില്ലാതെയാണ് ബില്‍ പാസായത്. അഞ്ച് റിപ്പബ്ലിക്കന്മാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്തു. സെമി ഓട്ടോമാറ്റിക് സെന്റര്‍ഫയര്‍ റൈഫിളുകള്‍ വാങ്ങാനുള്ള പ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനും ബില്‍ കാരണമാകും.

അതേസമയം ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ സെനറ്റില്‍ ബില്‍ പാസാക്കാന്‍ എളുപ്പമായിരിക്കില്ല. ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കും റിപ്പബ്ലിക്കന്‍സിനും തുല്യ അംഗങ്ങളുള്ള സെനറ്റില്‍ പകുതിയിലധികം പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ ബില്‍ പാസാക്കാനാകൂ.

ടെക്‌സസിലും ബഫലോയിലും ഉള്‍പ്പെടെ യുഎസ് നഗരങ്ങളില്‍ അടുത്തിടെ നടന്ന തുടര്‍ച്ചയായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് തോക്ക് നിയന്ത്രണം പാസാക്കുന്നത്. കഴിഞ്ഞയാഴ്ച ടെക്‌സസ് നഗരത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ വെടിവയ്പ്പുണ്ടായിരുന്നു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലും കഴിഞ്ഞയാഴ്ച വെടിവയ്പ്പ് നടന്നിരുന്നു. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ പുതിയ അധ്യായങ്ങള്‍ രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed