കൂട്ടക്കൊലചെയ്ത 35ലധികം പേരുടെ മൃതദേഹങ്ങൾ‍ കൂടിയിട്ട് കത്തിച്ച് മ്യാൻമർ സൈന്യം


കയാ

തായ്ലന്‍റിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച മ്യാന്‍മർ‍ പൗരന്മാർ‍ക്ക് നേരെ വെടിയുതിർ‍ത്ത് സൈന്യം. കൂട്ടക്കൊലയിൽ‍ മരിച്ച 35ലധികം പേരുടെ മൃതദേഹങ്ങൾ‍ കൂടിയിട്ട് കത്തിച്ചു. മ്യാന്‍മർ‍ സൈന്യത്തിന്‍റെ നിഷ്ഠൂരതയ്ക്കെതിരെ അന്താരാഷ്ട്രതലത്തിൽ‍ വിമർ‍ശനം ശക്തമാകുകയാണ്. സ്വയംഭരണം വേണമെന്നാവശ്യപ്പെടുന്ന കയാ സംസ്ഥാനത്തെ ജനതക്ക് നേരെയാണ് മ്യാന്‍മർ‍ സൈന്യം വെടിയുതിർ‍ത്തത്. തായ്ലാന്‍റുമായി അതിർ‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് പേരാണ് മ്യാന്‍മറിന്‍റെ ഭരണം സൈന്യം പിടിച്ചെടുത്തതോടെ പലായനം ചെയ്യുന്നത്.

തായ്ലന്‍റിലേക്ക് തുടരുന്ന പലായനം അവസാനിപ്പിക്കാൻ വ്യോമാക്രമണവും വെടിവെപ്പും സംഘടിപ്പിക്കുകയാണ് മ്യാന്‍മർ‍ സൈന്യം ചെയ്തത്. കുട്ടികളും സ്ത്രീകളും മുതിർ‍ന്നവരുമുൾ‍പ്പെടെ 35ലധികം പേർ‍ ക്രിസ്തുമസ് ദിനത്തിൽ‍ നടന്ന കൂട്ടക്കൊലയിൽ‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ‍.

എന്നാൽ‍ 60ഓളം പേർ‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ‍ സൂചിപ്പിക്കുന്നത്. പ്രുസോ നഗരത്തിനടുത്തുള്ള മോ സോ ഗ്രാമത്തിൽ‍ അരങ്ങേറിയ കൂട്ടക്കുരുതിക്ക് ശേഷം സൈന്യം മൃതദേഹങ്ങൾ‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

കയാ സംസ്ഥാനത്തിന്‍റെ സ്വയംഭരണം ആവശ്യപ്പെടുന്ന കരേന്നി പ്രതിരോധസേന സൈന്യത്തിന്‍റെ കൂട്ടക്കൊലയ്ക്കെതിരെ രംഗത്തുവന്നു. വിമതസംഘടനയിലെ അംഗങ്ങളെയല്ല, സിവിലിയൻസിനെയാണ് സൈന്യം കൊന്നുതള്ളിയതെന്ന് അവർ‍ വിശദീകരിച്ചു.

എന്നാൽ‍, തോക്കുധാരികളായ തീവ്രവാദികളെയാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് മ്യാന്‍മർ‍ സൈന്യത്തിന്‍റെ വാദം. കൊലയെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തുവന്നു. വിശദവും സുതാര്യവുമായ അന്വേഷണം യുഎന്‍ ആ‍വശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ആങ് സാൻ സൂചി സർ‍ക്കാരിന് നേരെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ‍ വിമർ‍ശനമുയർ‍ന്നുവന്നിരുന്നു. റോഹിംഗ്യൻ അഭയാർ‍ത്ഥി വിഷയത്തിലും മറ്റും ജനാധിപത്യസർ‍ക്കാരിന്‍റെ ചെയ്തികൾ‍ മനുഷ്യത്വഹീനമായിരുന്നു  എന്ന വാർ‍ത്തകൾ‍ പുറത്തുവന്നിരുന്നു.

എന്നാൽ‍, ഈ വർ‍ഷം ഫെബ്രുവരിയിൽ‍ ജനാധിപത്യ സർ‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തതിന് ശേഷം മ്യാന്‍മറിലെ ജനജീവിതം കൂടുതൽ‍ ദുഃസഹമാകുന്നുവെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed