കൊടുങ്കാറ്റും പേമാരിയും; ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


വാൻകൂവർ: പടിഞ്ഞാറൻ കാനഡ ശക്തമായ കൊടുങ്കാറ്റിലുലയുന്നു. വാൻകൂവർ നഗരം ഉൾപ്പെടുന്ന ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ റോഡ്, റെയിൽ ബന്ധങ്ങൾ തകർന്നതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊടുങ്കാറ്റിലും പേമാരിയിലും ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് ഒറ്റപ്പെട്ടത്. ഇവരെ സഹായിക്കാൻ കനേഡിയൻ സായുധ സേനയെ വിന്യസിച്ചു. മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. വാൻകൂവറിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ലില്ലൂട്ട് നഗരത്തിലെ ഹൈവേയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടു പേരെ കാണാതായി. ഗതാഗതക്കുരുക്കിനിടെ സമീപത്തെ കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ആളുകൾ അലറി വിളിച്ച് വാഹനങ്ങളിൽനിന്നിറങ്ങിയോടി. എത്ര വാഹനങ്ങൾ മണ്ണിനടിയിലുണ്ടെന്നതിൽ വ്യക്തതയില്ല. വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സഹായം വാഗ്ദാനം ചെയ്തു. പ്രദേശത്തിന്‍റെ പുനർനിർമാണത്തിന് സൈന്യം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

മിന്നൽപ്രളയത്തിൽ വാൻകൂവറിലേക്കുള്ള റോഡ്, റെയിൽ പാതകൾ തടസപ്പെട്ടു. വാൻകൂവറിനെ കാനഡയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈ വേയും ബ്രിട്ടീഷ് കൊളംബിയയിലെ മറ്റു ഭാഗങ്ങളുമായി വാൻകൂവറിനെ ബന്ധിപ്പിക്കുന്ന ഹൈവേയും വെള്ളപ്പൊക്കത്തിൽ സ്തംഭിച്ചു. മെറിറ്റ് പട്ടണത്തിലെ ഏഴായിരം പേരെ ഒഴിപ്പിച്ചുമാറ്റിയിരുന്നു. മലയോരപട്ടണമായ ആഗാസിസിൽ കുടുങ്ങിയ മൂന്നൂറോളം പേരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ അയച്ചു. വാൻകൂവർ തുറുമുഖത്തേക്കുള്ള റെയിൽ പാതകൾ തടസപ്പെട്ടത് രാജ്യമൊട്ടാകെ ഭക്ഷണ, ഇന്ധന വിതരണം തടസപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed