ഇക്വഡോറിലെ ജയിലിൽ കലാപം: 116 തടവുകാർ കൊല്ലപ്പെട്ടു


ഗായാസ്: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ജയിലിൽ രണ്ട് വിഭാഗങ്ങൾ‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ‍ 116 തടവുകാർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്‌ടമായ ജയിൽ സംഘർഷമാണിതെന്ന് അധികൃതർ പ്രതികരിച്ചു. ഗ്വായാക്വിൽ നഗരത്തിലെ ജയിലിൽ ചൊവ്വാഴ്ചയാണ് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗം തടവുകാർ‍ തമ്മിൽ‍ ബോംബും തോക്കും കത്തിയും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ‍ നിരവധി തടവുകാർ‍ക്ക് പരിക്കേറ്റതായും റിപ്പോർ‍ട്ടുണ്ട്. 

നാനൂറോളും പോലീസുകാരും സൈന്യവും ചേർന്നു ജയിലിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തടവുകാർ ഗ്രനേഡുകൾ എറിഞ്ഞതായി പോലീസ് കമാൻഡർ ഫസ്‌റ്റോ ബ്യുണാനോ പറഞ്ഞു. അന്തർദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള തടവുകാരെയാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ആസൂത്രിതമായ ആക്രമണമാണോ നടന്നതെന്നതിൽ അന്വേഷണം തുടങ്ങി. ഇക്വഡോറിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മെക്സിക്കൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജയിലിലെ സ്ഥിതി ഭയാനകമാണെന്ന് ജയിൽ സർവീസ് ഡയറക്ടർ ബൊളിവർ ഗാർസൺ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ജയിലിലുണ്ടായ സംഘർഷത്തിൽ 79 തടവുകാർ കൊല്ലപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed