ഐ.എസ്. ഭീകരാക്രമണം ; ഇറാഖിൽ 31 പേർ കൊല്ലപ്പെട്ടു


ബാഗ്ദാദ്: ബലി പെരുന്നാളിനിടെ ഇറാഖിലെ കച്ചവടകേന്ദ്രത്തിൽ ഐ.എസ് നടത്തിയ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 42 പേർക്ക് പരിക്കേറ്റതായാണ് വിവരം. തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ഒരു പൊതുചന്തയിലാണ് സ്‌ഫോടനം നടന്നത്. ബലി പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറേയും.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2017ൽ ഇറാഖി ഭരണകൂടം സുന്നി മുസ്ലീം ജിഹാദി സംഘടനകളെ ഇല്ലായ്്മചെയ്‌തെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്നും ഭീകരർ സന്ദേശത്തിൽ പറയുന്നു. സദർ നഗരത്തിലെ അൽ-ഹുവായലാത് പൊതുചന്തയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി സ്ഥാപനങ്ങളും സ്‌ഫോടനത്തിൽ തകർന്നിട്ടുണ്ട്.
ഭീകരാക്രമണമാണ് നടന്നതെന്നും ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ഇറാഖ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ പൊതു ഇടത്തിൽ നടന്ന മൂന്നാമത്തെ സ്‌ഫോടന പരമ്പരയാണിത്. സ്‌ഫോടനത്തിന് കാരണം പൊതു ചന്തയിലെ സുരക്ഷാ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. അന്വേഷണ വിധേയമായി ഫെഡറൽ പോലീസ് കമാന്ററെ പിരിച്ചുവിട്ടു കൊണ്ട് ഇറാഖ് പ്രധാനമന്ത്രി ഉത്തരവിറക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed