ഹർ ഘർ തിരംഗ; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ


ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കമാവുകയാണ്. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം ഏറ്റെടുത്തിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണ്ണമണിയും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം.

ഇതാദ്യമായാണ് ദേശീയ തലത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നത്. 20 കോടി വീടുകളിൽ ദേശീയ പതാക ഉയർത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം. ഫ്ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹർ ഘർ തിരംഗിന്റെ ഭാഗമായി വീടുകളിൽ ഉയർത്തുന്ന പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല.

സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് പരിപാടി ഏകോപിപ്പിക്കുക. ഹർ ഘർ തിരംഗ പ്രചാരണ ഭാഗമായി തപാൽ വകുപ്പ് ഒരു കോടിയിലേറെ പതാകകൾ ഇതിനകം വിറ്റഴിച്ചു കഴിഞ്ഞു. ഡൽഹി സർക്കാരും വിപുലമായ ആഘോഷ പരിപാടികൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed