ദൃശ്യത്തിന് ഏഴാമത്തെ റീമേക്ക് വരുന്നു


കൊച്ചി: മറുഭാഷാ റീമേക്കുകളിൽ‍ റെക്കോർ‍ഡിട്ട മലയാളചിത്രമാണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ‍ 2013ൽ‍ പുറത്തെത്തിയ 'ദൃശ്യം'. മറ്റ് ഇന്ത്യൻ‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി ഏഴ് വർ‍ഷത്തിനു ശേഷം ചിത്രത്തിന് അടുത്തൊരു റീമേക്ക് കൂടി വരുന്നു. ഇന്തോനേഷ്യൻ‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിർ‍മ്മാതാക്കളായ ആശിർ‍വാദ് സിനിമാസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്തോനേഷ്യൻ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രമാവും ഇതോടെ ദൃശ്യം. 2013ലെ ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളിൽ‍ ഒന്നാണ്. ദൃശ്യ എന്ന പേരിൽ‍ കന്നഡയിലും ദൃശ്യം എന്ന പേരിൽ‍ തെലുങ്കിലും ഹിന്ദിയിലും പാപനാശം എന്ന പേരിൽ‍ തമിഴിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധർ‍മ്മയുദ്ധയ എന്നായിരുന്നു സിംഹള റീമേക്കിന്‍റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേർ‍ഡ് എന്നായിരുന്നു ചൈനീസ് റീമേക്കിന്‍റെ പേര്. അതേസമയം ദൃശ്യം 2 എന്ന പേരിലെത്തിയ ചിത്രത്തിന്‍റെ രണ്ടാംഭാഗവും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. തിയറ്ററുകൾ‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ‍ ആമസോൺ‍ പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. പല ഇന്ത്യൻ‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗം ആയതിനാൽ‍ പാൻ‍ ഇന്ത്യൻ‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു ദൃശ്യം 2. ദൃശ്യത്തിന്‍റെ പേര് മോശമാക്കിയില്ല എന്നു മാത്രമല്ല, വലിയ വിജയവുമായി ദൃശ്യം 2. ഡയറക്റ്റ് ഒടിടി റിലീസിനു പിന്നാലെ ടെലിവിഷൻ‍ പ്രീമിയറിലും നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം 2. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാം ഭാഗത്തിൽ‍ ആദ്യഭാഗത്തിൽ‍ ഇല്ലാതിരുന്ന ചില താരങ്ങളും ഉണ്ട്. ഗണേഷ് കുമാർ‍, മുരളി ഗോപി, സായ്‍കുമാർ‍ എന്നിവരാണ് അവരിൽ‍ പ്രധാനികൾ‍. അതേസമയം ദൃശ്യം 2ന്‍റെ തെലുങ്ക് റീമേക്ക് ഇതിനകം ചിത്രീകരണം പൂർ‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം തെലുങ്ക് റീമേക്ക് നടി ശ്രീപ്രിയയാണ് സംവിധാനം ചെയ്തതെങ്കിൽ‍ ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിർ‍വാദ് സിനിമാസിന്‍റെ ബാനറിൽ‍ ആന്‍റണി പെരുന്പാവൂർ‍ തന്നെയാണ് ചിത്രം നിർ‍മ്മിക്കുന്നതും. കന്നഡ റീമേക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റൈറ്റ്സും വിറ്റുപോയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed