2026ഓടെ ഇന്ത്യയുടെ വിനോദ മാധ്യമ വ്യവസായം 4,30,401 കോടി തൊടും; റിപ്പോർട്ട്


ഇന്ത്യയുടെ വിനോദ, മാധ്യമ വ്യവസായം 8.8 ശതമാനം വളർച്ച നേടി 4,30,401 കോടി രൂപയിൽ 2026 ഓടെ എത്തുമെന്ന് സംയുക്ത വാർഷിക വളർച്ച റിപ്പോർട്ട്. പിഡബ്യൂസി-യുടെ ഗ്ലോബൽ എൻ്റർടെയ്ൻമെൻ്റ് ആൻഡ് മീഡിയ ഔട്ട്ലുക്ക് 2022-2026 റിപ്പോർട്ട് പ്രകാരം ഒടിടി, വീഡിയോ, പത്രം, പരസ്യങ്ങൾ, ഓൺലൈൻ ഗെയിമുകൾ, സിനിമ, സംഗീതം തുടങ്ങിയ ഇന്ത്യയുടെ വിനോദ-മാധ്യമ വ്യവസായം ഗണ്യമായ വളർച്ച കൈവരിച്ചു.

"ഇന്ത്യയുടെ വിനോദ-മാധ്യമ വീക്ഷണം അടുത്ത കുറേ വർഷങ്ങളിലേയ്ക്ക് തീർത്തും അതുല്യമായിരിക്കും. വിപണിയിലെ ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും സ്വാധീനം വഴി ഡിജിറ്റൽ മീഡിയയുടെയും പരസ്യങ്ങളുടെയും വളർച്ചയിൽ ആവേശകരമായ വേഗമുണ്ട്. അതേസമയം, പരമ്പരാഗത മാധ്യമങ്ങൾ അടുത്ത കുറച്ച് വർഷങ്ങളിൽ അവരുടെ സ്ഥിരമായ വളർച്ചാ നിരക്ക് നിലനിർത്തും. 5ജി കൂടി ലഭിച്ചുകഴിഞ്ഞാൽ ഡിജിറ്റൽ സ്പേസിൽ ഉയർന്നുവരുന്ന മാധ്യമങ്ങളുടെയും വിനോദവുമായി ബന്ധപ്പെട്ട് വരുന്ന ബിസിനസ്സുകളുടെയും വരുമാനം തികച്ചും വ്യത്യസ്തമായ ആകൃതി കൈവരിക്കും," പിഡബ്യൂസി ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.

കൊവിഡ് സാഹചര്യത്തിൽ പൊതു വിനോദ പരിപാടികൾ ഇല്ലാതിരുന്നതും അധിക സമയവും വീടുകളിൽ ചെലവഴിച്ച സാഹചര്യവും ഒടിടി വരുമാനം 2020-21 വർഷങ്ങളിൽ ഇരട്ടിയിലധികം വർധിപ്പിച്ചു. ഇന്ത്യയുടെ മൊത്തം പത്ര വരുമാനം 2.7 ശതമാനം സംയുക്ത വാർഷിക വളർച്ച നിരക്കിൽ 2021ലെ 26,378 കോടിയിൽ നിന്ന് 2026ൽ 29,945 കോടി രൂപയായി ഉയരും. 2026ഓടെ രാജ്യം ഫ്രാൻസിനെയും യുകെയെയും മറികടന്ന് അഞ്ചാമത്തെ വലിയ പത്ര വിപണിയാകും എന്നാണ് പ്രതീക്ഷ. ബിൽ ബോർഡുകൾ പോലുള്ള ഔട്ട് ഓഫ് ദി ഹോം പരസ്യ വിപണിയും ആഗോളതലത്തിൽ ഏറ്റവും ശക്തമായ തിരിച്ചു വരവ് നടത്തും. 12.57 ശതമാനം വാർഷിക വളർച്ച നിരക്കിൽ 5,562 കോടി രൂപയാകും എന്നാണ് പ്രവചിക്കപ്പെടുന്നത്.

ടിവി പരസ്യ വിപണി 2026ഓടെ 6.3 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ 43,410 കോടി രൂപയായി വികസിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, ഇന്റർനെറ്റ് പരസ്യ വിപണി 12.1 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ വർധിച്ച്, 2026ഓടെ 28,234 കോടി രൂപയിൽ എത്തും. സംഗീതം, റേഡിയോ, പോഡ്‍കാസ്റ്റ് 2021ൽ നിന്ന് 18 ശതമാനം വളർച്ച നെടി, 2026ഓടെ 16,198 കോടി രൂപയിൽ എത്തും.

രാജ്യത്തെ മൊത്തം വീഡിയോ ഗെയിമുകളുടെയും കയറ്റുമതിയുടെയും വരുമാനം 2021ൽ 16,200 കോടി രൂപയായിരുന്നു. 2026ഓടെ ഇത് 37,535 കോടി രൂപയിലെത്തും എന്നും റിപ്പോർട്ട് പറയുന്നു. തുർക്കിക്കും പാകിസ്ഥാനും ശേഷം ലോകത്ത് അതിവേഗം വളരുന്ന മൂന്നാമത്തെ വീഡിയോ ഗെയിം വിപണിയാണ് ഇന്ത്യ. 2021ൽ ചൈനയ്ക്കും യുഎസിനും ശേഷം വിറ്റുപോയ സിനിമ ടിക്കറ്റുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed