ലക്ഷ്യം മറന്നു­ള്ള ഗ്രൂ­പ്പ് ചർ­ച്ചകൾ അഡ്മിന്മാർക്ക്‌­ തലവേ­ദനയാ­കു­ന്നു­


രാജീവ് വെള്ളിക്കോത്ത് 

മനാമ : ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകരും പ്രവാസി മലയാളികളും ഉണ്ടാക്കിയ പല വാട്ട്സ് ആപ് ഗ്രൂപ്പുകളിലും അംഗങ്ങൾ ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് വിഭിന്നമായി ഫോട്ടോകളും പോസ്റ്റുകളും ഇടുന്നത് അഡ്മിന്മാർക്ക് തലവേദനയാകുന്നു. പലപ്പോഴും ഗ്രൂപ്പ് ഉണ്ടാക്കുന്പോൾ പ്രഖ്യാപിച്ച ഉദ്ദേശങ്ങളിൽ നിന്ന് പിന്നീട് ഗ്രൂപ്പ് ചർച്ചകൾ വഴി മാറുകയും അത് രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയും ചെയ്തതാണ് പല ഗ്രൂപ്പ് അഡ്മിൻമാർക്കും തലവേദനയായിരിക്കുന്നത്. തുടക്കത്തിൽ ഏതെങ്കിലും ഒരംഗം ലക്ഷ്യം മറന്നുള്ള പോസ്റ്റ് ഇടുന്നതോടെയാണ് ഇത്തരം പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഉടൻ തന്നെ അതിനു മറുപടിയുമായി മറ്റേതെങ്കിലും അംഗം പോസ്റ്റ് ഇടുന്നതോടെ ഇരു പോസ്റ്റുകൾക്കും അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങൾ പോസ്റ്റ് ഇടുകയും അതോടെ അത് രാഷ്ട്രീയമായി വഴി മാറുകയും ചെയ്യുന്നു. പിന്നീട് അഡ്മിന്മാർക്കു നിയന്ത്രിക്കാൻ ആകാത്ത വിധം ചർച്ചകൾ വഴിമാറുകയും ഒടുവിൽ വിഭാഗീയത ഉടലെടുക്കുകയും ചെയ്യുന്നു. അടുത്ത ദിവസം പുതിയ ഗ്രൂപ്പ് ആരംഭിക്കുകയോ അല്ലെങ്കിൽ ചില അംഗങ്ങൾ സ്വയം ഒഴിഞ്ഞു പോവുകയോ അഡ്മിന് പുറത്താക്കേണ്ടി വരികയോ ചെയ്യുന്നതാണ് തുടർന്നുള്ള അവസ്ഥ. നല്ല ലക്ഷ്യങ്ങൾ ഉദ്ദേശിച്ച് ആരംഭിച്ച പല ഗ്രൂപ്പുകളും അതോടെ നിർജ്ജീവമായിട്ടുണ്ട്. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ ആരംഭിച്ച പല ഗ്രൂപ്പുകളിലും ചർച്ച നടത്തുന്നത് രാഷ്ട്രീയം മാത്രമായതോടെ പല അംഗങ്ങളും സജീവമല്ലാതായി. ചിലർ മാത്രം പരസ്പരം രാഷ്ട്രീയ ചർച്ചകൾ നടത്തുന്ന ഗ്രൂപ്പായി മാറിയ വാട്സ് ആപ് ഗ്രൂപ്പുകളും ഉണ്ട്. 

 മൂന്നു തരത്തിലുള്ള ആളുകളാണ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗങ്ങൾ ആയിട്ടുള്ളത്. ഒന്ന് വളരെ സജീവമായി 24 മണിക്കൂറും വാട്സ് ആപ് സന്ദേശങ്ങൾ നോക്കുകയും അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യുന്നവർ. സന്ദേശങ്ങൾ വായിക്കുകയും മിണ്ടാതെ ഇരിക്കുകയും ചെയ്യുന്നവർ, വല്ലപ്പോഴും എത്തിനോക്കി പോകുന്നവർ. ഇവരിൽമൂന്നാമത് എത്തി നോക്കി പോകുന്നവർ മുകളിലുള്ള പോസ്റ്റുകൾ ഒന്നും വായിക്കാതെ അപ്പോൾ കണ്ട ഏതെങ്കിലും പോസ്റ്റുകൾക്കു മാത്രം പ്രതികരിക്കുകയും വിഷയം അറിയാതെ വാഗ്വാദങ്ങൾക്കു വഴി വെക്കുന്നവരുമാണ്. പിന്നീടുള്ള ചർച്ചകൾക്കൊന്നും ഇവർ വരികയുമില്ല. ഇത്തരത്തിലുള്ളവരെ പലപ്പോഴും ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് 100 ജീവകാരുണ്യ, സാമൂഹ്യ ഗ്രൂപ്പുകളുടെ അഡ്മിൻ ആയ ഫൈസൽ പറഞ്ഞു.

ഗ്രൂപ്പിൽ മിണ്ടാതെ ഇരിക്കുകയും ഗ്രൂപ്പിൽ നടക്കുന്ന കാര്യങ്ങൾ പുറമെ പോയോ അല്ലെങ്കിൽ മറ്റു ചില സംഘടനകളുമായി പങ്കുെവയ്ക്കുകയോ ചെയ്യുന്നവർ പലപ്പോഴും ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ബഹ്‌റൈൻ കേരളാ സോഷ്യൽ ഗ്രൂപ്പ് അഡ്മിൻ ബഷീർ അന്പലായിയും പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർ പലപ്പോഴും അഡ്മിന്മാർക്ക് തലവേദനയാകുന്നുണ്ട്. ഗ്രൂപ്പിന്റെ നിയമങ്ങൾക്കും പരിധിയും ലംഘിക്കുന്ന ചില ‘മിണ്ടാപ്രാണികളെ‘ അത്തരത്തിൽ പുറത്താക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തിൽ നന്മയ്ക്കു വേണ്ടിയാണ് പലപ്പോഴും ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്. ഒരു കാര്യത്തിൽ ഇടപെടാതിരിക്കുകയും വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം ഗ്രൂപ്പ് അംഗമായി ഇരിക്കുന്ന പലരും ഗ്രൂപ്പിന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വാട്ട്സ് ആപ്പിൽ കിട്ടുന്ന പോസ്റ്റുകൾ ഒന്ന് വായിക്കാൻ പോലും മിനക്കെടാതെ മറ്റു ഗ്രൂപ്പുകളിലേയ്ക്കും വ്യക്തികൾ ഫോർവേഡ് ചെയ്യുന്നതാണ് പലപ്പോഴും അസത്യ വാർത്തകളും മറ്റും പ്രചാരണം നേടുന്നതിന് കാരണമാകുന്നതെന്ന് ഫൈസൽ പറഞ്ഞു. അനാവശ്യമായ ഫോട്ടോകൾ, വീഡിയോകൾ എന്നിവ പോസ്റ്റ് ചെയ്യുന്നത് താരതമ്യേന കുറഞ്ഞ മെമ്മറി സ്‌പെയ്‌സ് മൊബൈൽ ഉള്ളവർക്ക് ഒരു ബാധ്യതയാണ്. വലിയ ഗ്രൂപ്പുകളിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകാൻ മടിക്കുന്നത് മറ്റുള്ളവർ എന്ത് കരുതും എന്ന് വിചാരിച്ച് മാത്രമാണ്. ഒരു ഗ്രൂപ്പിലേയ്ക്ക് ആളുകളെ കൂട്ടിച്ചേർക്കുന്പോൾ അത്യാവശ്യം ഒന്ന് അവരെ അറിയിക്കുകയെങ്കിലും ചെയ്യേണ്ട മനസ്സ് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ത ദാനത്തിനു തയ്യാറുള്ളവരുടെ 20 ഓളം വ്യത്യസ്തത ഗ്രൂപ്പ് അടക്കം 100 ഓളം ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്ന തനിക്ക് ഗ്രൂപ്പിന്റെ നിയമാവലികൾ തെറ്റിച്ചത് മൂലം പലരെയും പുറത്താക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിആർ നഷ്ടപ്പെടൽ മുതൽ ജോലി ആവശ്യമുള്ളത്, ജോലിക്കാരെ കണ്ടെത്താൻ, രക്തം ആവശ്യമുള്ളവർക്ക് തുടങ്ങി സമൂഹത്തിൽ വിവിധ സഹായങ്ങൾ ലക്ഷ്യമാക്കിയുള്ള നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അഡ്മിന്മാർ പറയുന്നു. ഗ്രൂപ്പിന്റെ മാന്യത പുലർത്താൻ അംഗങ്ങൾ എല്ലാവരും തയ്യാറായാൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ബോധ്യമുണ്ടെന്നും മത, ജാതി, ഭാഷയ്ക്കതീതമായി പ്രവർത്തിക്കുവാൻ എല്ലാവരും തയ്യാറയൽ അഡ്മിന് പരമാവധി തവേദന കുറയുമെന്നും അഡ്മിന്മാർ പറയുന്നു.മത സ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ, രാഷ്ട്രീയം, തുടങ്ങിയവ സോഷ്യൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ഇപ്പോൾ നിരീക്ഷണത്തിലാണ്. ഗ്രൂപ്പ് നിയമങ്ങൾ പാലിക്കണമെന്നും അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കണമെന്നും കർശനമായി അംഗങ്ങളോട് നിഷ്കർഷിച്ചതിനെ തുടർന്ന് വലിയ തരത്തിലുള്ള പോസ്റ്റുകൾക്കും ചർച്ചകൾക്കും അൽപ്പം ശമനം ആയിട്ടുണ്ടെന്നും പാനൽ അഡ്മിന്മാർ പറയുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed